ശനിയാഴ്‌ച, നവംബർ 25, 2006

അരണയും അന്ധവിശ്വാസവും


 പഴഞ്ചൊല്ലിൽ പതിരില്ല എന്നാണു പഴഞ്ചൊല്ലിനെക്കുറിച്ചുള്ള ആമുഖ പഴഞ്ചൊല്ല്. പതിര് എന്നതു കൊണ്ട് എന്തു തന്നെ ഉദ്ദേശിച്ചാലും , അന്ധവിശ്വാസങ്ങൾ, ശാസ്ത്രം അനാവരണം ചെയ്തിട്ടുള്ള വസ്തുതകൾക്ക് വിരുദ്ധമായവ , സാമാന്യയുക്തിക്ക് നിരക്കാത്തവ തുടങ്ങിയ വർഗ്ഗികരണത്തിൽ ഉൾപ്പെടുത്താവുന്ന ചിലതെങ്കിലും ഉണ്ട് പഴഞ്ചൊല്ലുകളിൽ. അരണയെക്കുറിച്ച് ചില ചൊല്ലുകളുണ്ട് . എല്ലാം യുക്തിക്കു നിരക്കാത്തവയുമാണ്. 
        അരണ (Skink) ജീവശാസ്ത്രപ്രകാരം Scincidae എന്ന പല്ലികുടുംബത്തിൽ പെട്ട  വിഷമില്ലാത്ത ജീവിയാണ്. അരണയുടെ വായിൽ ഡ്രാഗണുകളുടെ വായിലേതു പോലുള്ള അപകടകാരികളായ സൂക്ഷ്മാണുക്കളുള്ളതായും അറിവില്ല. പക്ഷേ പഴഞ്ചൊല്ലിൽ അവൻ ഭീകരനാണ്.

        അരണ കടിച്ചാലുടനേ മരണം

        അരണയുടെ ബുദ്ധി അര നിമിഷം മാത്രം

         അരണയ്ക്കു മറതി 

    ഒരു പക്ഷെ അരണയുടെ ചലനത്തിലെ സവിശേഷതയാകാം ഇങ്ങനെ ബുദ്ധിയില്ലാത്ത ജീവിയായി മുദ്ര കുത്തപ്പെടാൻ കാരണം. അതുപോലെ അരണയുടെ ശരീരത്തിൻ്റെ സവിശേഷമായ തിളക്കമായിരിക്കാം പാമ്പിനെപ്പോലെ വിഷമുള്ളതാകാം അരണയുമെന്ന അനുമാനത്തിനാധാരം. ചില അരണകൾക്ക് തിളക്കമുള്ള വർണ്ണത്തിലുള്ള വാലുണ്ട്. (ഉദാ: ഇലക്ട്രിക് ബ്ലൂ)
    അരണയെ പ്രതിപാദിക്കുന്ന ചില ചൊല്ലുകൾ കൂടിയുണ്ട്. അതിലും മുന്തിനിൽക്കുന്ന കാര്യം അരണഭയം തന്നെയാണ്.

        അരണ കിരണ ശപ്പില ശിപ്പില

 (അരണയെന്നു നിനച്ചു ഭയന്നത് വെറുതെ ! അതു കരിയിലയായിരുന്നു.)

        അരണ ഉരണ ഊറാമ്പുലി

... അങ്ങനെ ഭയം കാര്യമല്ലാതായി...


അരണ മാത്രമല്ല, പാവം ഓന്തും ഇത്തരം അന്ധവിശ്വാസങ്ങളുടെ ഇരയാകുന്നു.

ഓന്തിനെ കൊന്നാൽ ഒഴുക്കു പുണ്യം

ഓന്തുകണ്ടാൽ ചോരകുടിയ്ക്കും

ഓന്തുനക്കിക്കൊല്ലും അരണ കടിച്ചുകൊല്ലും



ബുധനാഴ്‌ച, നവംബർ 22, 2006

ഓണച്ചൊല്ലുകള്‍

ഓണം എന്നതു തന്നെ ഒരു ചൊല്ലല്ലേ? പണ്ട് 'ഓണം' ഇന്നു 'അടിപൊളി' ......... 'ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം?'-ചോദ്യം ഓണത്തപ്പനോടാണു ,അപ്പോള്‍ മാവേലിയോ?. മാവേലിയൊക്കെ പിന്നീടു വന്നതായിരിക്കാം. ഐതീഹ്യമെന്തായാലും 
'ഓണത്തേക്കാള്‍ വലിയ വാവില്ല ', മകവുമില്ല ഈ നാട്ടാര്‍ക്കു്‌. 'അത്തം പത്തോണ'മാ .. എങ്കിലും കോരന്റെ കാര്യം? 'ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി'. 'കാണം വിറ്റും ഓണമുണ്ണണ'മെന്നു ചിലര്‍ പറഞ്ഞേക്കാം. അല്ലെങ്കില്‍ 'ഉള്ളതുകൊണ്ടു ഓണം പോലെ ' 'ഓണം കേറാമൂലകള്‍ ' പക്ഷേ ഇന്നുമുണ്ടു്‌. എന്തൊക്കെയായാലും 'തിരുവോണം തിരുതകൃതി' ആക്കണം. അതുകൊണ്ടല്ലേ 'ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാള'മാകുന്നതു. 'തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്കു' എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. 'ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി'-അങ്ങനെയുമാവാം. ....... മറ്റു ചില ചൊല്ലുകള്‍ കൂടി 'അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ' 
'ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ' 
'ഓണം വരാനൊരു മൂലം വേണം'
 'ഉറുമ്പു ഓണം കരുതും പോലെ'
 'അത്തം വെളുത്താല്‍ ഓണം കറുക്കും' 
'ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര
 ഓണം പോലെയാണോ തിരുവാതിര? ഓണം മുഴക്കോലുപോലെ. ഓണത്തിനടയ്ക്കാണോ പൂട്ടുകച്ചോടം?

വെള്ളിയാഴ്‌ച, നവംബർ 10, 2006

കാകതാലീയ ന്യായം / ഘുണാക്ഷര ന്യായം / അന്ധചടക ന്യായം / സ്ഥവിരലഗുഡ ന്യായം

തികച്ചും യാദൃശ്ചികമായി സംഭവിക്കുന്ന കാര്യങ്ങളെ , യാതൊരു ബന്ധമില്ലെങ്കിലും കാര്യകാരണബന്ധമാരോപിക്കാൻ മനുഷ്യർക്കു ഒരു ചോദനയുണ്ട്. ശകുനം , നിമിത്തം , ജ്യോതിഷം , പലവിധങ്ങളായി പരന്നുകിടക്കുന്ന ഭാവി പ്രവചനങ്ങൾ തുടങ്ങി അസഖ്യം വിശ്വാസങ്ങളോ  അന്ധവിശ്വാസങ്ങളോ - എന്തുതന്നെയായാലും അതു മനുഷ്യൻ്റെ അടിസ്ഥാന സവിശേഷതകളിലൊന്നു തന്നെയാണു്. probability / uncertainty / unpredictability . -statistics -ലും ഭൗതിക / ഗണിത ശാസ്ത്രത്തിലും മറ്റൊരു രീതിയിൽ ഇതിനെ കാണുന്നെങ്കിലും , അത്തരം കാര്യങ്ങളെ അതീന്ദ്രിയ ശക്തികളുടെ ഇടപെടലുകളായി കാണാനാണു  മനുഷ്യനു താല്പര്യം. ചിലപ്പോൾ അതു ഭാഗ്യവും നിർഭാഗ്യവുമാകാം . 

നാലു ന്യായങ്ങളിൽ അല്പസ്വല്പം അർത്ഥവ്യത്യാസമുണ്ടെങ്കിലും ഈ പഴഞ്ചൊല്ലുകളെ( Pazhamchollukal, Malayalam Proverbs)  ഒരുമിച്ചുകൂട്ടി ഉൾപ്പെടുത്താം.

കാകതാലീയം :  കാക്ക - പനമ്പഴം : കാക്ക വന്നിരുന്നപ്പോൾ പനമ്പഴം വീണു.

ഘുണാക്ഷരം - പുഴു വെറുതേ അങ്ങോട്ടുമിങ്ങോട്ടും നടന്നപ്പോൾ മണ്ണിൽ അക്ഷരം തെളിഞ്ഞു.

 അന്ധചടകം - അന്ധനായ ഒരാൾ ചടകത്തെ (കുരുകിൽ പക്ഷി) പിടിച്ചത് ; പൊട്ടക്കണ്ണൻ മാവിലെറിഞ്ഞപോലെ .

"മിളിതം പദയുഗളേ നിഗളിതയാ മാർഗ്ഗിതയാ ലതയാ" എന്ന്  ഉണ്ണായി വാര്യർ  

അതായത്,

തേടിയവള്ളി കാലിൽചുറ്റി

നോക്കിനടക്കുന്ന വള്ളി കാല്ക്കു തടഞ്ഞു

അച്ഛനിച്ഛിച്ചതും പാല് വൈദ്യൻ കൽപ്പിച്ചതും പാല്

നരികരഞ്ഞതും പനമ്പഴം വീണതും ഒത്തിരുന്നു

നിധികാണാൻ മരുന്നന്വേഷിച്ചപ്പോൾ നിധി തന്നെ കിട്ടി

വീണതു തന്നെ നമസ്കാരം

കാക്കയും വന്നു പനമ്പഴവും വീണു

ഉറക്കുതൂക്കി വീണതു മെത്തയിലേക്കു്

ഏറും മുഖവും ഒന്നൊത്തുവന്നു

കുമ്പിടാൻ പോയ ദൈവം കുറുകേ വന്നു

ചാറു ചിന്തിയതു ചോറിൽത്തന്നെ



വ്യാഴാഴ്‌ച, നവംബർ 09, 2006

കൃഷിയും പഴഞ്ചൊല്ലും (കൃഷി ചൊല്ലുകൾ - Krishi Chullukal)

നമ്മുടെ സാഹിത്യത്തെയും സംഗീതത്തെയും പാലൂട്ടി വളര്‍ത്തിയെടുത്തതു കര്‍ഷകജനതയായിരുന്നല്ലോ. അതുകൊണ്ടു തന്നെ, ഞാറും വിളയും വയലുമൊക്കെ സ്വാഭാവികമായും നമ്മുടെ പഴഞ്ചൊല്ലുകളെ (Pazhamchollukal, Malayalam Proverbs) സമ്പന്നമാകിയിട്ടുണ്ടു്‌. കാര്‍ഷികസംബന്ധിയായ ഏതാനും ചൊല്ലുകള്‍ ഇതാ. 

വിതച്ചതു കൊയ്യും

ഏകദേശം ഇതേ ആശയം പേറുന്ന ചില പഴഞ്ചൊല്ലുകൾ :

വിത്തിനൊത്ത വിള

വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല

മുള്ളു നട്ടവന്‍ സൂക്ഷിക്കണം

തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും


കൂര വിതച്ചാല്‍ പൊക്കാളിയാവില്ല

(കൂരയും പൊക്കാളിയും നെല്ലിനങ്ങളുടെ പെരാണു്‌.ഇപ്പോഴും ഉണ്ടോ എന്നറിയില്ല.)


*****************************

കൃഷിയും ഋതുക്കളും 

നാൾ , നക്ഷത്രം , മാസം തുടങ്ങി പണ്ടുകാലത്ത് മനുഷ്യനു സാദ്ധ്യമായ സമയത്തിന്റെയും ഋതുഭേദങ്ങളുടെയും അടയാളപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങൾ കൃഷിക്കാർ കൃത്യമായി പിന്തുടർന്നിരുന്നു. അത്തരം പ്രവചനങ്ങൾ ധാരാളമായി ഉണ്ട് , പഴംചൊല്ലുകളിൽ .ഈ അത്യാധുനിക കാലഘട്ടത്തിലും  പ്രവചനാതീതയും  അനിശ്ചിതത്വവും ഈ തൊഴിലിന്റെ ഇരുണ്ട അവസ്ഥയായി തുടരുന്നുണ്ടല്ലോ 

അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട (ഭരണിയിലടച്ച ) മാങ്ങയും 

അശ്വതി  ഞാറ്റുവേലയിൽ വിതയ്ക്കാൻ നന്ന് 

അശ്വതിയിലിട്ട വിത്ത് പാഴാവുകയില്ല 

വിരുദ്ധ ആശയമുള്ള പഴഞ്ചൊല്ലുകളുമുണ്ട്

അശ്വതിഞാറ്റുവേല കള്ളൻ 

അശ്വതി കാഞ്ഞിരം ഭരണി നെല്ലി 

മറ്റു ചില നാൾകൊള്ളുകൾ 

രേവതി ഞാറ്റുവേലയിൽ പാടത്ത് ചാമ വിതയ്ക്കാം 

പൂയം ഞാറ്റുവേലയിൽ ഞാറു പാകിയാൽ പുഴുക്കേട് പൂവഞ്ചു പാലഞ്ചു കായഞ്ചു വിളയഞ്ചു 

അത്തത്തിന്റെ മുഖത്ത് മുതിര വിതയ്ക്കണം 

അത്തത്തിൽ വിതച്ചാൽ പത്തായം പത്ത് വേണം 

ചോതി കഴിഞ്ഞാൽ ചോദ്യമില്ല 

മകത്തിന്റെ  മുഖത്തു എള്ളറിയണം 

മകീര്യത്തിൽ വിതച്ചാൽ മദിയ്ക്കും 

മകരത്തിൽ മരം കയറണം 

തിരുവാതിരയ്ക്കു പയർ കുത്തിയാൽ ആറ്റ വരും 

മാസചൊല്ലുകൾ 

കുംഭത്തിൽ നട്ടാൽ കുടത്തോളം 
മീനത്തിലായാൽ മീൻകണ്ണിനോളം 

മേടം പത്തിന് മുമ്പ് പൊടിവിത  കഴിയണം 

കുംഭപ്പറ  കുടം  പോലെ 

ധനുപ്പത്തു കഴിഞ്ഞാൽ കൊത്താൻ തുടങ്ങാം 

വിഷു കണ്ട രാവിലെ വിത്തിറക്കണം  


********************************
ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്തു ചെയ്യേണ്ട രീതിയില്‍ നേരാംവണ്ണം ചെയ്യണം. കൃഷി മാത്രമല്ല, എല്ലാ പ്രവൃത്തിയും. അങ്ങനയേ ചെയ്യാവൂ.


കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം

വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം

കാറ്റുള്ളപ്പോള്‍ തൂറ്റണം

നട്ടാലേ നേട്ടമുള്ളൂ

കാലം നോക്കി കൃഷി


വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം

വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട

മുന്‍വിള പൊന്‍വിള

വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു്‌

വര്‍ഷം പോലെ കൃഷി

മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌

ആഴത്തില്‍ ഉഴുതു അകലെ നടണം

നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും


*********************************************

ഓരോ വിളയോടനുബന്ധിച്ചും പഴഞ്ചൊല്ലുകളുണ്ട് .

വെള്ളരി നട്ടാൽ വിളയറിയാം 

കുമ്പളം കായണം 

മുരുക്കിലും  പടരും മുളകുകൊടി 

മടലി ടിഞ്ഞ തേങ്ങാകാ 

പരപ്പുകൃഷി യെരപ്പു 

പിലാവിന്റെ കാതൽ പൂതലാവുമ്പോൾ  തേക്കിന്റെ ഇളന്തല  പച്ച വിടും 

ചിങ്ങമഴ തെങ്ങിനു നന്ന് 

തെങ്ങിന് ദണ്ഡ്  കവുങ്ങിനു  കോല്  നാലിനു  മൂന്ന് കുറഞ്ഞാൽ പോര 

തിരുവാതിരയ്ക്കു പയറു  കുത്തിയാൽ ആറ്റ  വരും 

ചേന ചുട്ടു നടണം  ചാമ കരിഞ്ഞു വിതയ്ക്കണം 

കാഞ്ഞു പൊടിച്ചാൽ കാര്യം നന്ന് 

കുഞ്ചെള്ളിനു നഞ്ചു മഴ 

കാണം കാഞ്ഞു കുരുക്കണം 

കാണത്തിനു  കണ്ണു  മറഞ്ഞാൽ  മതി 

എള്ളിനു  എഴുഴുവ്  കൊള്ളിനു  ഒരുഴവ്  ( പണ്ടു കാലത്തെ  മുതിര  കൃഷി യുടെ  പ്രാധാന്യവും വ്യാപ്തിയും  വ്യക്തമാക്കുന്ന  പഴഞ്ചൊല്ലുകൾ )

കാച്ചിലുവള്ളി  പ്ലാവിൽ  പടർന്നാൽ  ചക്കച്ചെല്ലം  തീർന്നതു  തന്നെ 

ആദി പാതി പീറ്റ  (വിത്തിനു തിരഞ്ഞ്ഞെടുക്കേണ്ട പ്രായം - , പ്ലാവ് , തെങ്ങ് , കവുങ്ങ്  എന്നിവയെപ്പറ്റിയാണ് സൂചന )

ഇഞ്ചി നട്ട ലാഭവും മുടി കളഞ്ഞ സ്വൈരവും മലയാളത്തിനറിയാ 

എല   തൊട്ടാൽ കൊലയില്ല 

ഏത്തവാഴയ്ക്കു ഏത്തമിടണം 

ഉണ്ണാനും ഉടുക്കാനും തെക്കൻ 

കന്നിക്കൂർക്ക  കലം പൊളിക്കും

കഴുങ്ങിനു കുഴി മൂന്ന് 

കൊട്ടനുറുമ്പ്‌ കുരങ്ങു തെങ്ങു കവുങ്ങു പിലാവ് 

കമുകു നട്ടു   കാടാക്കുകയും  തെങ്ങ്  നട്ടു നാടാക്കുകയും 




മുളയിലേ നുള്ളണമെന്നല്ലേ. അതുപോലെ,

വിളയുന്ന വിത്തു മുളയിലറിയാം

വിത്തുഗുണം പത്തുഗുണം

മുളയിലറിയാം വിള

കാലാവസ്ഥ അറിയാതെ കൃഷി ഉണ്ടോ? കാലാവസ്ഥാപ്രവചനം നടത്തുന്ന ചൊല്ലുകള്‍ സുലഭം.
കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല

തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ

വറുതിയുടെ കള്ളക്കര്‍ക്കിടകം ചില പഴമക്കാരുടെ മനസ്സില്‍ ഇപ്പോഴുമുണ്ടു്‌. പക്ഷേ, കര്‍ക്കിടകപ്പട്ടിണി എന്നതു ഇക്കാലത്തു സങ്കല്പിക്കാനാവുമോ? .എങ്കിലും കര്‍ക്കിടകമാകുമ്പോള്‍ നിരത്തില്‍ ബോഡ് തൂങ്ങും - "കര്‍ക്കിടകക്കഞ്ഞി ഇവിടെക്കിട്ടും" .
ചില കര്‍ക്കിടകച്ചൊല്ലുകള്‍ ഇങ്ങനെ:-

കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം

കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്‌

ഇരിക്കുന്ന കൊമ്പു മുറിക്കുന്ന അഭ്യാസക്കാര്‍ക്കു വേണ്ടിയും ചൊല്ലുകള്‍ ഉണ്ടു്‌.

കണ്ടം വിറ്റു കാളയെ വാങ്ങുമോ

വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ

ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍ - ഇതിലും നന്നായി അന്നത്തെ ഫ്യൂഡല്‍ വ്യവസ്ഥിതിയെ വിവരിക്കാനാകുമോ?
ആ വ്യവസ്ഥിതിയുടെ ഇരകളല്ലേ ഇതു ചൊല്ലിയതു-
ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ

വളമേറിയാല്‍ കൂമ്പടയ്ക്കും - അധികമായാല്‍ അമൃതും വിഷമല്ലേ, പഴയ കൃഷിക്കാര്‍ക്കും അതറിയാമായിരുന്നു. രാസവളം യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിച്ചു മണ്ണിന്റെ സ്വാഭാവികത തന്നെ നഷ്ടപ്പെടുത്തുന്ന ഇന്നത്തെ ആള്‍ക്കാരോ?

കോരിവിതച്ചാൽ കുറച്ചെ കൊയ്യൂ 
കോരിവിതച്ചാലും വിധിച്ചതേ വിളയൂ 

പാശ്ചാത്യകുത്തകമുതലാളിമാര്‍ നമ്മുടെ വസുമതി(അതോ ബസ്മതിയോ?)ക്കു പേറ്റെന്റ് എടുത്തു അന്തകവിത്തുകള്‍ ഉണ്ടാക്കി തിരിച്ചിങ്ങോട്ടയയ്ക്കുന്നതോര്‍ക്കുമ്പോള്‍ ഈ ചൊല്ലു ഓര്‍മ്മ വരും - വിത്തുള്ളടത്തു പേരു.
എത്രയെത്ര ചൊല്ലുകള്‍!!

പതിരില്ലാത്ത കതിരില്ല.
കളയില്ലാത്ത വിളയില്ല 
വയലു വറ്റി കക്ക വാരാനിരുന്നാലോ
കടച്ചിച്ചാണകം വളത്തിനാകാ 
കന്നുള്ളവർക്കേ കണ്ണുള്ളൂ 

അങ്ങനെയങ്ങനെ..

എന്തായാലും
വിത്താഴം ചെന്നാല്‍ പത്തായം നിറയും 
കള പറിച്ചാൽ കളം നിറയും 
മണ്ണറിഞ്ഞു വിത്തു്‌  വേണ്ടതോ
ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ

Labels: Malayalam Proverbs , Malayalam Pazhamchollukal, Pazhamchollukal, Krishi , Kerala Heritage ,കൃഷിയും പഴഞ്ചൊല്ലും,പഴഞ്ചൊല്ലുകള്‍,ചൊല്ലുകള്‍, കൃഷി ചൊല്ലുകൾ - Krishi Chullukal

ബുധനാഴ്‌ച, നവംബർ 08, 2006

ന്യായങ്ങള്‍

2 അജകൃപാണ ന്യായം

3 ദിക്ഷുപാദപ്രസാരണ ന്യായം

4 അജ-ഗജ-ന്യായം

5 അജഗരന്യായം

6 അജ വൃക ന്യായം

7 അജ ശുനക ന്യായം

8 അജാഗളസ്തന ന്യായം

    അജാതപുത്രനാമകരണ ന്യായം

9 അദ്രിമൂഷികപ്രസവന്യായം

10 അന്ധകവർത്തീയ ന്യായം

11 അന്ധഗജന്യായം

12 അണ്ഡഗോലാംഗുല  ന്യായം

13 അന്ധചടക ന്യായം

14 അന്ധാനുഗതാന്ധ ന്യായം

15  അന്ധ പംഗു ന്യായം

16 ആരണ്യരോദനന്യായം

17 അരുന്ധതീ ദർശനന്യായം

18 അർദ്ധജരതീയ ന്യായം

19 അശോകവനികാ ന്യായം

20 അശ്മലോഴ്ട ന്യായം


22 അസിധാരാവലേഹന ന്യായം

23 അഹിനിർമ്മോക ന്യായം

24 അഹിമൂഷിക ന്യായം

25 ആകാശകുസുമ ന്യായം

26 ആകാശമുഷ്ടിഹനന ന്യായം

27 ആമ്രവന ന്യായം

28 ഇന്ധന വഹ്നി ന്യായം


30 ഊഷരവൃഷ്ടി ന്യായം

31 ഏകലവ്യ ന്യായം

32 ഓതപ്രോത ന്യായം

33 കണ്ഠചാമീകര ന്യായം

34 കദംബകോരക ന്യായം

35 കപികാപീശ ന്യായം

36 കപോത മിഥുന ന്യായം

37 കരകങ്കണ ന്യായം

38 കരതലാമലക ന്യായം


40 കാകദന്ത ഗവേഷണ ന്യായം

41 കാകാക്ഷി ഗോളക ന്യായം

42 കാശ കുശാവലംബ ന്യായം

43 കുന്ത കുംഭ ന്യായം



46 കൂപഖാനക ന്യായം

47 കൂപമണ്ഡൂക ന്യായം

48 കൂപയന്ത്രഘടികാ ന്യായം  /  ഘടീയന്ത്ര ന്യായം

49 കൂർമ്മാംഗ ന്യായം

50 കൃകലാസന ന്യായം

51 കൈമുതിക ന്യായം   /  ദണ്ഡാഷൂപിക ന്യായം

52 ഗജനിമീലിത ന്യായം

53 ഗഗന രോമാന്ഥ ന്യായം

54 ഗഡ്ഢരികാ പ്രവാഹ ന്യായം    /  ഗതാനുഗതികാ ന്യായം

55 ഗരുഡമക്ഷികാ ന്യായം


56 ഘടദീപികാ ന്യായം

57 ഘട്ടകുടീ പ്രഭാത ന്യായം


59 ഛത്രിന്യായം

60 ചാലിനീ ന്യായം

61 ജംബൂക ദ്രാക്ഷഫല ന്യായം

62 തിലതണ്ഡുല ന്യയം

63 ദഗ്ധപത്ര ന്യായം

64 ദണ്ഡാപൂപ ന്യായം

65 ദശമ ന്യായം


67 ധൃതരാഷ്ട്രാലിംഗന ന്യായം

68 നളബാഹുക ന്യായം

69 നൃപനാപിതപുത്ര ന്യായം

70 പങ്കപ്രക്ഷാളന ന്യായം

71 പല്ലവ ഗ്രാഹിത ന്യായം

72 പാടീര പന്നഗ ന്യായം


74 ബകബന്ധന ന്യായം

75 ബളിശാമിഷ ന്യായം

76 മണികാഞ്ചന ന്യായം

77 മധ്യമണി ന്യായം


79 മണിശാണ ന്യായം

80 മർക്കടമുഷ്ടി ന്യായം

81 മരുമരീചിക ന്യായം

82 മയൂരാണ്ഡന്യായം

83 മർക്കടസുരാപാന ന്യായം

84 മർക്കടകിശോരന്യായം

85 മാർജ്ജാര മൂഷിക ന്യായം

86 യാചിത മണ്ഡന ന്യായം


88 രഥചക്ര ന്യായം

89 രാമബാണ ന്യായം

90 ലൂതാതന്തു ന്യായം

91 ലീഢാലീഢ ന്യായം

92 വജ്രകുക്കുടന്യായം

93 വനരോദന ന്യായം /  അരണ്യരോദന ന്യായം

94 വാതദീപ ന്യായം

95 വിപിനചന്ദ്രികാ ന്യായം

96 വിഷൗഷധ ന്യായം

97 വീചീതരംഗ ന്യായം

98 വൃശ്ചിക പുച്ഛന്യായം

99 ശലഭവൃത്തി ന്യായം

100 ശശ വിഷാണ ന്യായം

101 ശാർദ്ദൂല ലാംഗുല ന്യായം

102 ശുക്തി രജത ന്യായം

103 സൂകര പ്രസവ ന്യായം

104 സുന്ദോപസുന്ദ ന്യായം

105 സൂചീകടാഹ ന്യായം

106 സൃഗാല വേദാന്തം

107 സ്ഥാലീപുലാക ന്യായം

108 ഹംസവൃത്തി ന്യായം





പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും

പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...