കപിമണീന്യായം
കുരങ്ങിനു മണികിട്ടിയാലുള്ള അവസ്ഥ . സ്ഥാനമാനങ്ങളോ സമ്പത്തോഅർഹതയില്ലാത്തവർക്കു ലഭിക്കുമ്പോൾ , കിട്ടുന്ന വസ്തുവിൻ്റെ മഹത്വമോ ഉപയോഗമോ അറിയാത്തവരുടെ , അല്ലെങ്കിൽ മനസ്സിലാക്കാനാകാത്തവരുടെ അവസ്ഥ.
കൊയ്യാൻ പോവാത്തവൾക്ക് നൂറരിവാളുണ്ടായാലും ഫലമില്ല
വെട്ടാൻ ശക്തിയില്ലാത്തവൻ്റെ അരയിൽ അമ്പത്തെട്ടരിവാൾ
അറുക്കാൻ ശക്തിയില്ലാത്തവൻ്റെ അരയിൽ ഒമ്പതരിവാൾ
കണ്ണില്ലാത്തവനെന്തിനു കണ്ണാടി
കാശില്ലാത്തവനെന്തിനു കീശ
ആടിനെന്തിനാ ആനച്ചങ്ങല
കുരങ്ങിനെന്തിനാ പൂമാല
കരബദരന്യായം
കയ്യിൽ പുണ്ണിനു കണ്ണാടി വേണ്ട
നേരെനോക്കിയാൽ തന്നെ കാണാം. അത്രയും വ്യക്തം. ആമുഖമോ വിശദീകരണമോ ആവശ്യമില്ല.
ഛിന്നഹസ്തന്യായം/ ദഗ്ദ്ധബീജന്യായം
പോയതുപോയതു തന്നെ . തിരികേ ചേർത്തുതുന്നിപ്പിടിപ്പിക്കാനാകത്ത, തിരുത്തുവരുത്താനാകാത്ത , കൈവിട്ടുപോയ കാര്യങ്ങൾ.
അണകടന്ന വെള്ളം അഴുതാൽ തിരിച്ചുവരുമോ
കൈവിട്ട കല്ലും വായ് വിട്ട വാക്കും
നിദ്രാണപ്രായഭാഗ്യന്യായം
ഭാഗ്യത്തിൻ്റെ പ്രാധാന്യം.
അദൃഷ്ടശാലി മണ്ണുതൊട്ടാൽ അതും പൊന്ന്
(അദൃഷ്ടം-ഭാഗ്യം) ഭാഗ്യമുള്ളവൻ തൊട്ടാൽ മണ്ണുപോലും പൊന്നാകും.
യോഗമുള്ളവൻ പല്ലക്കേറും
നേരേ മറിച്ചാണു ഭാഗ്യം കെട്ടവൻ്റെ കാര്യം.
അദൃഷ്ടമില്ലാത്തവൻ്റെ പാൽ പൂച്ച കുടിക്കും
അദൃഷ്ടംകെട്ടവനു അറുപതു നാഴികയും വർജ്ജ്യം
അളകാപുരികൊള്ളയിട്ടാലും അദൃഷ്ടഹീനനു് ഒന്നുമില്ല
പൂർണ്ണകുംഭന്യായം
നിറകുടം.
അരക്കുടം തുളുമ്പും നിറകുടം തുളുമ്പുകയില്ല
ആയിരം ഉള്ളവർ അമർന്നിരിക്കും അരപ്പണം ഉള്ളവർ ആടിത്തുള്ളും
ഉത്തമന് ഊശാൻ താടി മൂഢനു കാടും പടലും
ഇത് വെറും സമ്പത്തിൻ്റെ പ്രശ്നം മാത്രമല്ല. മനോഭാവത്തിൻ്റെ പ്രശ്നം കൂടിയാണു്.
അല്പനു ഐശ്വര്യം(അർത്ഥം) കിട്ടിയാൽ അർദ്ധരാത്രി കുടപിടിക്കും
മൂഢൻ രണ്ടുകയ്യിലും നാലുചിരട്ട പിടിച്ചുകൊണ്ടുപോകും
ഭേകപുഷ്കരന്യായം
അക്കരെപ്പച്ച
ഇക്കരെ നിന്ന് പുല്ലുതിന്നുന്ന പശുവിനു തോന്നുന്നത് , അക്കരെ കൂടുതൽ പുല്ലുണ്ടെന്നാണത്രേ!
അകലെക്കാണുന്നവയ്ക്കു ഭംഗികൂടുതൽ തോന്നുന്നു, അവിടെച്ചെല്ലുമ്പോൾ തോന്നും മുന്നിടമായിരുന്നു നല്ലതെന്നു്!
താരങ്ങളെപ്പോലെ! അകലെ നിന്നു കാണുമ്പോൾ കാല്പനികഭാവം , അടുക്കുമ്പോൾ അറിയാം യാഥാർത്ഥ്യം.
യഥേഷടം അനുഭവിക്കുന്ന സുഖങ്ങൾക്കു വിലതോന്നാത്ത മനുഷ്യസ്വഭാവം . മുഷിയുക എന്നതിൻ്റെ മന:ശാസ്ത്രം .
അക്കരെനിന്നാൽ ഇക്കരെപ്പച്ച ഇക്കരെനിന്നാൽ അക്കരെപ്പച്ച
അണിയത്തിരിക്കുമ്പോൾ അമരം സുഖമെന്നു തോന്നും
അമരത്തിരിക്കുമ്പോൾ അണിയം സുഖമെന്നും തോന്നും
തണ്ടിലിരിക്കുന്നവനു താഴത്തിറങ്ങണം താഴെനിൽക്കുന്നവനു തണ്ടിൽക്കേറണം
നിത്യക്കോഴിയ്ക്കു നിറമില്ല
മുറ്റത്തെമുല്ലയ്ക്കു മണമില്ല
അരികത്തുള്ളതിലാശയില്ല
കേമുതികന്യായം / ദണ്ഡാപൂപന്യായം
അമ്മിയുംകുഴവിയും ആകാശത്തുപറക്കുമ്പോൾ ഇലവിൻപഞ്ഞിയുടെകാര്യം പറയണോ
കല്ലിനെ കാറ്റെടുക്കുമ്പോൾ കരിയിലയെ വച്ചേക്കുമോ
കൊലകൊമ്പൻ പിഴയ്ക്കുമ്പോൾ മോഴയുടെ കാര്യം പറയണോ
വലിയ വലിയ വ്യവസായങ്ങൾ തകരുമ്പോൾ ചെറിയവയുടെ കാര്യം പറയണോ . സുനാമി പോലെ , കൊടുങ്കാറ്റുകൾ പോലെ , മഹാമാരിപോലെ വ്യവസ്ഥകളുടെ തകർച്ച സംഭവക്കുമ്പോൾ, ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോൾ ചെറുമീനുകളുടെ അവസ്ഥ സൂചിപ്പിക്കുന്ന ന്യായം.
അണ്ഡകാണന്യായം
ആണില്ലാത്ത നാട്ടിൽ അമ്പട്ടൻ രാജാവ്
Labels: chollukal,പഴഞ്ചൊല്ലുകള്‍,ചൊല്ലുകള്‍,malayalam pazhamchollukal,proverbs on rain,mazha chollukal,pazhamchollukal