nyaayangngal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
nyaayangngal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ജൂൺ 08, 2021

ന്യായങ്ങൾ - 3

ഉഷ്ട്രലഗുഡ ന്യായം / കുലകുഠാര ന്യായം

കുലംകുത്തികൾ , കുലദ്രോഹികൾ തുടങ്ങിയ പ്രയോഗങ്ങൾ സർവ്വസാധാരണമാണല്ലോ . സ്വന്തം കുലത്തിനു നേരെ തിരിയുന്നവരെ അല്ലെങ്കിൽ സ്വന്തം കുലത്തിനു നാശമുണ്ടാകുന്ന രീതിയിൽ വളർന്നു പോകുന്നവർ, സ്വവർഗ്ഗത്തിനു തന്നെ ദോഷമുണ്ടാകുന്ന രീതിയിൽ പരിവർത്തനം ചെയ്യപ്പെടുന്നവർ തുടങ്ങിയവരെ എല്ലാം പരമർശിക്കുന്ന സന്ദർഭത്തിൽ ഈ ന്യായം ഉപയോഗിക്കാം .

കോടാലിക്കമ്പ് ഉദാഹരണം . 

കോടാലിക്കമ്പ് കുലത്തിനു കേട്

മരത്തിനു കോടാലിക്കയ്യ് നാശം

കണ്ഠചാമീകര ന്യായം 

ഓരോ വ്യക്തിയും സ്വയമേവ ഏതുതരത്തിലെങ്കിലും സമ്പന്നനായിരിക്കും. പക്ഷേ അതു സ്വയം തിരിച്ചറിയാൻ പലർക്കും സാധിച്ചെന്നു വരില്ല . അത്തരക്കാർ തന്നിലൊളിച്ചിരിക്കുന്ന ആ പ്രത്യേകവൈശിഷ്യം അന്വേഷിച്ച് പലേടങ്ങളിലും അലയുന്നു..

വിളക്കിരിക്കെ തീയ്ക്കലയണോ

അടുപ്പിൽ തീ എരിയേ അയൽ വീട്ടിൽ പോയി തിരികൊളുത്തണോ

ഉറിയിൽ വെണ്ണ വച്ചിട്ട് ഊരൊക്കെ നെയ്ക്ക് അലയരുത്

വെണ്ണയും വച്ചുകൊണ്ട് നെയ്ക്കലയണോ

ഒക്കത്തിരിക്കുന്ന കുട്ടിയെ തൊട്ടിലിൽ തിരയുന്നു

കുപ്പായത്തിൽത്തന്നെ കുന്തം

കുരണ്ടിമേലിരുന്ന് കുരണ്ടി തപ്പുന്നു

തോട്ടത്തിൽ പഴമിരിക്കേ ദൂരെ പോകുന്നതെന്തിനു് 


വഹ്നിധൂമ ന്യായം

തീയും പുകയും . കാരണമില്ലാതെ കാര്യമില്ല

തീയില്ലാതെ പുകയുണ്ടാകുമോ 

പുകയുണ്ടെങ്കിൽ തീയുമുണ്ട്

തൂറാതെ നാറുകയില്ല

വിത്തുള്ളിടത്ത് വേരു്

ഓണം വരാനൊരു മൂലം വേണം [തിരുവോണം നാളിനു മുമ്പെ മൂലം നാൾ ] 

ന്യായവുമായി ബന്ധപ്പെടുത്താനാവില്ലെങ്കിലും കാര്യകാരണം സംബന്ധിക്കുന്ന ചില ചൊല്ലുകളുണ്ട്.

വനമുള്ളിടത്ത് അഗ്നി - പുഷ്ടിപ്പെട്ടാൽ അതു നശിപ്പിക്കാനുള്ള സ്വാഭാവികമാർഗ്ഗങ്ങളും താനേ വന്നുചേരും 

തേനുള്ളടത്തു ഈച്ചയാർക്കും - എന്തെങ്കിലും നേട്ടമുണ്ടാക്കാൻ കഴിയുന്ന പരിസരങ്ങളിൽ , അധികാരത്തിൻ്റെ ഇടനാഴികളിൽ, വിഭവങ്ങൾ യഥേഷ്ടം ലഭിക്കുന്നിടങ്ങളിൽ ആർത്തിപ്പണ്ടാരങ്ങളുടെ തള്ളിക്കേറ്റം സ്വാഭാവികം ..

നീരില്ലെങ്കിൽ മീനില്ല - അനുകൂലനത്തിൻ്റെ പ്രാധാന്യം

നൂലില്ലെങ്കിൽ മാലയില്ല - നിസ്സാരക്കാരനായാലും , പ്രത്യക്ഷത്തിൽ അനുഭവവേദ്യമല്ലെങ്കിലും നട്ടെല്ലുപോലെ പുറമ്മോടികളെ താങ്ങിനിർത്തുന്ന അപ്രശസ്തരെ ഓർക്കാം..

വൃഷപ്രകസന ന്യായം

അച്ചൻ ഒരൊച്ച അമ്മ ഒരു പച്ച

അച്ചിക്കു കൊഞ്ചുപക്ഷം നായർക്കു ഇഞ്ചിപക്ഷം

വൈതണ്ഡ്യ ന്യായം

ഞാൻ പിടിച്ചമുയലിനു കൊമ്പു മൂന്ന്

താൻ കൊണ്ട കാളയ്ക്കു കൊമ്പു മൂന്ന്



വെള്ളിയാഴ്‌ച, മേയ് 28, 2021

ന്യായങ്ങൾ -2


അന്ധാനുഗതാന്ധ ന്യായം

അന്ധനു പിമ്പേ പോകുന്നവനും അന്ധനോടൊത്തു പതിയ്ക്കും കുഴിയിൽ

കുരുടൻ കുരുടനെ വഴി കാണിച്ചാൽ രണ്ടും കൂടെ പടുകുഴിയിൽ


അശ്വതരീഗർഭന്യായം / വൃശ്ചികഗർഭ ന്യായം

ഞണ്ടിനുണ്ടോ രണ്ടാം പേറു്

ഞണ്ട് മണ്ഡലി കായൽ വാഴ കുടപ്പന - പെറ്റാൽ ശേഷിക്കില്ല


ഉഷ്ട്രകണ്ടക ന്യായം

ചേട്ടയ്ക്കു പിണക്കവും അട്ടയ്ക്കു കലക്കവും നല്ലിഷ്ടം

ഞണ്ടിനു കലക്കൽ വേണം


നർത്തികാ ന്യായം

തുള്ളക്കാരനെ എല്ലാരുമറിയും തുള്ളക്കാരൻ ആരെയുമറിയില്ല

വെളിച്ചപ്പാടിനു പലേടമാണു

വെളിച്ചപ്പാടിനെ എല്ലാർക്കുമറിയാം വെളിച്ചപ്പാടിനു് ആരെയുമറിഞ്ഞുകൂടാ

ശാന്തിക്കാരൻ  കുളിച്ചുതൊഴുന്നവരെയെല്ലാം അറിയില്ല


ബീജാങ്കുര ന്യായം

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന പോലുള്ള സമസ്യകൾ

അണ്ടിയോ മാവോ മൂത്തതു

ആൺ മൂത്തതോ പെൺ മൂത്തതോ


രജ്ജുസർപ്പം

പൂറ്റിനരികേ വള്ളികിടന്നാൽ പാമ്പെന്നു  കരുതും


മാത്സ്യ ന്യായം

അതിജീവനത്തിൻ്റെ ന്യായം . വന്യമായ പ്രകൃതിയുടെ ന്യായം . സകലജീവജാലങ്ങളുടെയും പരിണാമത്തിൻ്റെ ന്യായം ..

ഊക്കുള്ളവർ ജീവിക്കും

കൈയൂക്കുള്ളവൻ കാര്യക്കാരൻ

ചെറുമീനെല്ലാം വലിയ മീനിന്നിര

ചേഴിയുള്ളവൻ ചേട്ടൻ

തൻ്റെകൈയ്യിലൊതുങ്ങുന്നതെല്ലാം തൻ്റേത്





ചൊവ്വാഴ്ച, മേയ് 25, 2021

അജാതപുത്ര നാമകരണ ന്യായം

 അജാതപുത്രൻ - ജനിക്കാത്ത പുത്രൻ

ജനിക്കാത്തപുത്രനു പേരിടുന്ന പ്രവൃത്തി ..

എല്ലാവരും ഭാവിയെക്കുറിച്ച് ആശങ്കയും പ്രതീക്ഷയും വച്ചുപുലർത്തുന്നവരാണു്. തോതു എറിയും കുറഞ്ഞുമിരിക്കും എന്നു മാത്രം. വലിയ പ്രതീക്ഷകൾ ഇന്നത്തെ വലിയ കരുതലിനും പദ്ധതുകൾക്കും വളം വയ്ക്കും . സ്വാഭാവികത വിട്ട് അസാധാരണാം വിധം അമിതമായാൽ ആ പ്രതീക്ഷയ്ക്ക് കൈവരുന്ന സ്വഭാവമാണു് അജാതപുത്രനാമകരണ ന്യായം.

ജനിക്കാത്തപുത്രനു പേരിടുന്ന പോലെ 

ഒരുതരത്തിൽ മൂഢപ്രവൃത്തിയോ വിഭ്രാന്തിയോ ആയി ഗണിക്കാം.

പിറക്കാത്ത കുട്ടിക്കു പേർ വിളിക്കുകയോ

ഉണ്ണി ഉണ്ടായിട്ടുവേണ്ടേ ഉപനയിക്കാൻ

ജനിക്കുന്നതിനു മുമ്പെ ജാതകം രചിക്കൊല്ല

പെണ്ണു വന്നിട്ടില്ല അപ്പളേയ്ക്കും കുട്ടിയ്ക്കു പേരു വിരുവെങ്കിടംന്ന്

കർക്കടകത്തിൽ കാതു കുത്താൻ ഇപ്പോഴേ കൈ വളയ്ക്കണോ

ആരുവാ മൊഴി കടക്കാൻ ഇവിടുന്നേ കുനിയണോ

കോട്ടാറ്റു കാതറുക്കാൻ ഇവിടെനിന്നും കൈ നീട്ടണോ

വിതയ്ക്കുന്നതിനു മുമ്പ് കൊയ്യുകയോ

അടുത്ത ജന്മം നായായേക്കാമെന്നു വച്ച് ഈ ജന്മം അമേധ്യം തിന്നാറുണ്ടോ

നീരൊലി കേട്ട് ചെരുപ്പഴിക്കണോ

അങ്ങുന്നെങ്ങാൻ വെള്ളമൊഴുകുന്നതിനു് ഇങ്ങുന്നെങ്ങാൻ ചെരുപ്പഴിക്കണോ? - പഴയ കാല ചെരിപ്പുകളുടെ ഗുണം, 'വെള്ളം കണ്ടാൽ നിൽക്കും കുതിര' എന്ന കടങ്കഥ സൂചിപ്പിക്കുന്ന പോലെയാണെങ്കിൽ വെള്ളമൊഴുകിയാൽ ചെരുപ്പഴിയ്ക്കണം . പക്ഷേ അങ്ങെവിടെയോ വെള്ളമൊക്ഷുകുന്നതിനു ഇവിടെ വേണ്ട എന്നു മാത്രം.

പുതപ്പു പൊള്ളാച്ചീലു് ഇവിടെ കാലിട്ടു കീറാൻ തുടങ്ങി -  പുതപ്പ് അങ്ങ് പൊള്ളാച്ചിയിൽ , ഇങ്ങെത്തിയിട്ടില്ല. പക്ഷേ അതിനെപ്പറ്റി തർക്കം ഇവിടെ തുടങ്ങി

Never ask pardon before you are accused

Never cross a bridge till you come to it

ബുധനാഴ്‌ച, മേയ് 12, 2021

ശംഖവേലാന്യായം

അറിവില്ലെങ്കിലും അറിവുണ്ടെന്ന് നടിക്കുന്ന ചിലരുണ്ട് . പൊങ്ങച്ചക്കാർ. പക്ഷേ , ചില അവസരങ്ങളിൽ അവർ പരീക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ടാകാം . അപ്പോൾ എങ്ങനേയും രക്ഷപ്പെടാൻ പറയുന്ന ന്യായമുണ്ട് ; ഇന്ന കാര്യങ്ങളൊക്കെ ഉണ്ടെങ്കിലേ എൻ്റെ വിദ്യ പ്രയോഗിക്കാനാകൂ , ഇന്ന സ്ഥലത്തു പോയാലേ എനിക്കിതു സാധ്യമാകൂ എന്നൊക്കെ ... 

നിഴൽനോക്കിയും നക്ഷത്രങ്ങളുടെ സ്ഥാനം നോക്കിയും കാലവും സമയവും ഗണിക്കാൻ സിദ്ധിയുള്ളവരുണ്ടായുരുന്നു. അത്തരം സിദ്ധിയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഒരാളോട് ആരോ ചോദിച്ചു - ഇപ്പൊ നേരം എത്രയായി എന്നു . അപ്പോൾ അയാൾ പറഞ്ഞതിങ്ങനെ 

എൻ്റെ പുളിയുടെ മൂട്ടിൽചെന്നാലേ എനിക്കു നേരമറിയാവൂ .

വിശാലമായ ആകാശത്ത് എവിടെ നിന്നു നോക്കിയാലും നക്ഷത്രത്തെ കാണാം . പക്ഷേ തൻ്റെ സ്വാധീനസ്ഥലത്തു നിന്നെങ്കിലേ അതു നോക്കാനും മനസ്സിലാക്കാനുമാകൂ എന്നു പറയുന്നതു , ഒന്നുകിൽ അഞ്ജാനി ഞ്ജാനമുണ്ടെന്നു അവകാശപ്പെടുന്നതു കൊണ്ടാകാം , അല്ലെങ്കിൽ പരിമിതി മൂലം . പരിമിതികൾ ബലഹീനത ആകുമ്പോൾ , അപരിചിതസാഹചര്യങ്ങളിൽ പരാജയം മണക്കുമെന്ന ഭയം !

എൻ്റെ അരപ്പന്തലിൽ പോയാലേ നക്ഷത്രമറികയുള്ളൂ

എൻ്റെ ആശാൻ്റെ എഴുത്തേ എനിക്കു വായിച്ചുകൂടൂ

എൻ്റെ ഉരുളികൊണ്ടളന്നാലേ ഉപ്പിടാൻ പറ്റൂ

നക്ഷത്രം കാണാൻ പുളിഞ്ചോട്ടിൽ പോകണം

ശനിയാഴ്‌ച, മേയ് 01, 2021

ഗഡ്ഢരികാ പ്രവാഹ ന്യായം / ഗതാനുഗതികാ ന്യായം / അന്ധപരമ്പര

ഗഡ്ഢരിക - ആട്

മുമ്പേ ഗമിക്കുന്ന ഗോവു തൻ്റെ 

പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം

 മുമ്പേ പോകുന്ന ആടിനെ നയിക്കുന്ന ചോദന എന്താണെന്ന് പിമ്പേ ഗമിക്കുന്ന ആരും അറിയുന്നുമില്ല, അറിയാനാഗ്രഹിക്കുന്നുമില്ല. ചില കൂട്ടത്തിൽ കൂടുമ്പോൾ വ്യക്തിയുടെ ലക്ഷ്യം നഷ്ടപ്പെടുന്ന അവസ്ഥ. ആൾക്കൂട്ടങ്ങളുടെ ഈ മാനസികനിലയെ പലരും ചൂഷണം ചെയ്യുന്നു. 

കൊമ്പൻ പോയതു മോഴയ്ക്കും വഴി

മദയാന ചെന്നതു മാർഗ്ഗം

ആന നന്ന നനഞ്ഞു ഞാനും കൂടെ നനഞ്ഞു.


വെള്ളിയാഴ്‌ച, ഏപ്രിൽ 30, 2021

ഗജനിമീലിത ന്യായം - പൊട്ടൻ കളിക്ക് പൊരുളെട്ട്

   
ആന നടന്നുപോകുമ്പോൾ ചുറ്റിലുമുള്ളതെല്ലാം അത് കാണുന്നുണ്ട് . ഒരുപക്ഷേ വലിയ ശരീരത്തിലെ ചെറിയ കണ്ണായതുകൊണ്ടാകാം , ഒന്നും അത് ശ്രദ്ധിക്കുന്നില്ല എന്നു തോന്നും. എന്നാലങ്ങനെ അല്ല

ആമയെ ചുടുമ്പോൾ മലർത്തിച്ചുടണേ ; ഞാനൊന്നുമറിഞ്ഞീലേ രാമനാരായണാ
- ഒരാൾ നാമം ജപിക്കുകയാണു . അപ്പോൾ മറ്റൊരാൾ , ഒരു വിഡ്ഢി, ആമയെ  ചുടുന്നതു കണ്ടു. പക്ഷേ ആമയുടെ പുറംതോടിലണയാൾ തീ കത്തിച്ചത്. അപ്പോൾ നാമം ജപിച്ചുകൊണ്ടിരുന്നയാൾ ഉരുവിട്ടതാണിത്. ഒരു പുണ്യപ്രവർത്തിക്കിടെ ഒരു ദുഷ്കർമ്മത്തിനു വിദഗ്ദ്ധമായി ഉപദേശം നൽകുക. എന്നാൽ അതിൽ പങ്കില്ലെന്നു വിശ്വസിക്കാൻ അല്ലെങ്കിൽ വിശ്വസിപ്പിക്കാൻ പുണ്യപ്രവൃത്തിയെത്തന്നെ മറയാക്കുക ..

എന്നെക്കണ്ടതാര് നിന്നെക്കണ്ടതാര്

ഈ ന്യായത്തെക്കുറിച്ച് പറയുമ്പോൾ ഓർമ്മ വരുന്ന മറ്റൊരു ചൊല്ലുണ്ട്

പൊട്ടൻ കളിക്ക് പൊരുളെട്ടാണ്.


വയനാട്ടുകുലവൻ എന്ന തൊണ്ടച്ചൻ തെയ്യം ഗജനിമീലിതസമമാണു. കണ്ടാൽ പൊട്ടനെപ്പോലെ . അതായത് കണ്ണും കണൂല്ല, ചെകിടും കേക്കൂല്ല. അതുകൊണ്ടാണല്ലോ പൊട്ടൻ കളി എന്നു പേരു വീണത്. എന്നാൽ വാസ്തവം അതല്ല. തൊണ്ടച്ചൻ തെയ്യം എല്ലാം കാണുന്നുണ്ട് , കേൾക്കുന്നുമുണ്ട് , അറിയുന്നുമുണ്ട്. എത്ര സൂക്ഷ്മമായി എന്നുവെച്ചാൽ കരിമ്പാറമേൽ പേനിരിയുന്നതു കാണാനും , നെല്ലിച്ചെപ്പു കൂപത്തിൽ വീഴുന്നതു കേൾക്കാനുമാകും . അതായതു പൊട്ടൻ കളിക്കു പൊരുളേറെയുണ്ട്.

പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും

പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...