ചൊവ്വാഴ്ച, ജൂൺ 08, 2021

ന്യായങ്ങൾ - 3

ഉഷ്ട്രലഗുഡ ന്യായം / കുലകുഠാര ന്യായം

കുലംകുത്തികൾ , കുലദ്രോഹികൾ തുടങ്ങിയ പ്രയോഗങ്ങൾ സർവ്വസാധാരണമാണല്ലോ . സ്വന്തം കുലത്തിനു നേരെ തിരിയുന്നവരെ അല്ലെങ്കിൽ സ്വന്തം കുലത്തിനു നാശമുണ്ടാകുന്ന രീതിയിൽ വളർന്നു പോകുന്നവർ, സ്വവർഗ്ഗത്തിനു തന്നെ ദോഷമുണ്ടാകുന്ന രീതിയിൽ പരിവർത്തനം ചെയ്യപ്പെടുന്നവർ തുടങ്ങിയവരെ എല്ലാം പരമർശിക്കുന്ന സന്ദർഭത്തിൽ ഈ ന്യായം ഉപയോഗിക്കാം .

കോടാലിക്കമ്പ് ഉദാഹരണം . 

കോടാലിക്കമ്പ് കുലത്തിനു കേട്

മരത്തിനു കോടാലിക്കയ്യ് നാശം

കണ്ഠചാമീകര ന്യായം 

ഓരോ വ്യക്തിയും സ്വയമേവ ഏതുതരത്തിലെങ്കിലും സമ്പന്നനായിരിക്കും. പക്ഷേ അതു സ്വയം തിരിച്ചറിയാൻ പലർക്കും സാധിച്ചെന്നു വരില്ല . അത്തരക്കാർ തന്നിലൊളിച്ചിരിക്കുന്ന ആ പ്രത്യേകവൈശിഷ്യം അന്വേഷിച്ച് പലേടങ്ങളിലും അലയുന്നു..

വിളക്കിരിക്കെ തീയ്ക്കലയണോ

അടുപ്പിൽ തീ എരിയേ അയൽ വീട്ടിൽ പോയി തിരികൊളുത്തണോ

ഉറിയിൽ വെണ്ണ വച്ചിട്ട് ഊരൊക്കെ നെയ്ക്ക് അലയരുത്

വെണ്ണയും വച്ചുകൊണ്ട് നെയ്ക്കലയണോ

ഒക്കത്തിരിക്കുന്ന കുട്ടിയെ തൊട്ടിലിൽ തിരയുന്നു

കുപ്പായത്തിൽത്തന്നെ കുന്തം

കുരണ്ടിമേലിരുന്ന് കുരണ്ടി തപ്പുന്നു

തോട്ടത്തിൽ പഴമിരിക്കേ ദൂരെ പോകുന്നതെന്തിനു് 


വഹ്നിധൂമ ന്യായം

തീയും പുകയും . കാരണമില്ലാതെ കാര്യമില്ല

തീയില്ലാതെ പുകയുണ്ടാകുമോ 

പുകയുണ്ടെങ്കിൽ തീയുമുണ്ട്

തൂറാതെ നാറുകയില്ല

വിത്തുള്ളിടത്ത് വേരു്

ഓണം വരാനൊരു മൂലം വേണം [തിരുവോണം നാളിനു മുമ്പെ മൂലം നാൾ ] 

ന്യായവുമായി ബന്ധപ്പെടുത്താനാവില്ലെങ്കിലും കാര്യകാരണം സംബന്ധിക്കുന്ന ചില ചൊല്ലുകളുണ്ട്.

വനമുള്ളിടത്ത് അഗ്നി - പുഷ്ടിപ്പെട്ടാൽ അതു നശിപ്പിക്കാനുള്ള സ്വാഭാവികമാർഗ്ഗങ്ങളും താനേ വന്നുചേരും 

തേനുള്ളടത്തു ഈച്ചയാർക്കും - എന്തെങ്കിലും നേട്ടമുണ്ടാക്കാൻ കഴിയുന്ന പരിസരങ്ങളിൽ , അധികാരത്തിൻ്റെ ഇടനാഴികളിൽ, വിഭവങ്ങൾ യഥേഷ്ടം ലഭിക്കുന്നിടങ്ങളിൽ ആർത്തിപ്പണ്ടാരങ്ങളുടെ തള്ളിക്കേറ്റം സ്വാഭാവികം ..

നീരില്ലെങ്കിൽ മീനില്ല - അനുകൂലനത്തിൻ്റെ പ്രാധാന്യം

നൂലില്ലെങ്കിൽ മാലയില്ല - നിസ്സാരക്കാരനായാലും , പ്രത്യക്ഷത്തിൽ അനുഭവവേദ്യമല്ലെങ്കിലും നട്ടെല്ലുപോലെ പുറമ്മോടികളെ താങ്ങിനിർത്തുന്ന അപ്രശസ്തരെ ഓർക്കാം..

വൃഷപ്രകസന ന്യായം

അച്ചൻ ഒരൊച്ച അമ്മ ഒരു പച്ച

അച്ചിക്കു കൊഞ്ചുപക്ഷം നായർക്കു ഇഞ്ചിപക്ഷം

വൈതണ്ഡ്യ ന്യായം

ഞാൻ പിടിച്ചമുയലിനു കൊമ്പു മൂന്ന്

താൻ കൊണ്ട കാളയ്ക്കു കൊമ്പു മൂന്ന്



പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും

പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...