വെള്ളിയാഴ്‌ച, മേയ് 28, 2021

ന്യായങ്ങൾ -2


അന്ധാനുഗതാന്ധ ന്യായം

അന്ധനു പിമ്പേ പോകുന്നവനും അന്ധനോടൊത്തു പതിയ്ക്കും കുഴിയിൽ

കുരുടൻ കുരുടനെ വഴി കാണിച്ചാൽ രണ്ടും കൂടെ പടുകുഴിയിൽ


അശ്വതരീഗർഭന്യായം / വൃശ്ചികഗർഭ ന്യായം

ഞണ്ടിനുണ്ടോ രണ്ടാം പേറു്

ഞണ്ട് മണ്ഡലി കായൽ വാഴ കുടപ്പന - പെറ്റാൽ ശേഷിക്കില്ല


ഉഷ്ട്രകണ്ടക ന്യായം

ചേട്ടയ്ക്കു പിണക്കവും അട്ടയ്ക്കു കലക്കവും നല്ലിഷ്ടം

ഞണ്ടിനു കലക്കൽ വേണം


നർത്തികാ ന്യായം

തുള്ളക്കാരനെ എല്ലാരുമറിയും തുള്ളക്കാരൻ ആരെയുമറിയില്ല

വെളിച്ചപ്പാടിനു പലേടമാണു

വെളിച്ചപ്പാടിനെ എല്ലാർക്കുമറിയാം വെളിച്ചപ്പാടിനു് ആരെയുമറിഞ്ഞുകൂടാ

ശാന്തിക്കാരൻ  കുളിച്ചുതൊഴുന്നവരെയെല്ലാം അറിയില്ല


ബീജാങ്കുര ന്യായം

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന പോലുള്ള സമസ്യകൾ

അണ്ടിയോ മാവോ മൂത്തതു

ആൺ മൂത്തതോ പെൺ മൂത്തതോ


രജ്ജുസർപ്പം

പൂറ്റിനരികേ വള്ളികിടന്നാൽ പാമ്പെന്നു  കരുതും


മാത്സ്യ ന്യായം

അതിജീവനത്തിൻ്റെ ന്യായം . വന്യമായ പ്രകൃതിയുടെ ന്യായം . സകലജീവജാലങ്ങളുടെയും പരിണാമത്തിൻ്റെ ന്യായം ..

ഊക്കുള്ളവർ ജീവിക്കും

കൈയൂക്കുള്ളവൻ കാര്യക്കാരൻ

ചെറുമീനെല്ലാം വലിയ മീനിന്നിര

ചേഴിയുള്ളവൻ ചേട്ടൻ

തൻ്റെകൈയ്യിലൊതുങ്ങുന്നതെല്ലാം തൻ്റേത്





വ്യാഴാഴ്‌ച, മേയ് 27, 2021

ദേഹലീദീപ ന്യായം / ഏകവൃന്തഫലദ്വന്ദ ന്യായം / വൃദ്ധകുമാരീ വാക്യ ന്യായം / കംബളനിർണേജന ന്യായം / സേചനതർപ്പണ ന്യായം

 

ഒരുവെടിക്കു രണ്ടുപക്ഷി എന്നാണു വിവക്ഷ . ദേഹലി (ഉമ്മറം) യിൽ ഇരിക്കുന്ന ദീപം അകത്തും പുറത്തും പ്രകാശം പരത്തും . ഒരേറിനു രണ്ടുഫലം വീഴുന്നപോലെ..

അച്ചിക്കുടുക്കാനും നായർക്കു പുതയ്ക്കാനും കൊള്ളാം 

അങ്കവും കാണാം താളിയുമൊടിക്കാം - പ്രാചീന കേരളത്തിലെ പ്രധാനവിനോദപാധിയും സൗന്ദര്യ വർദ്ധക(കേശസംരക്ഷണ) വസ്തുവും പ്രതിപാദിക്കുന്ന ചൊല്ല്. ചൊല്ലിൽ നിന്നു തന്നെ തെളിഞ്ഞു വരുന്നുണ്ട് അക്കലത്തെ ഒരു ശരാശരിക്കാരൻ്റെ മാനസികവ്യവഹാരവും ജീവിതാവസ്ഥയും ഒരു കാലഘട്ടത്തിൻ്റെ ചരിത്രവും എല്ലാം...

ഉപ്പും കൊള്ളാം വാവും കുളിക്കാം - വാവുകുളി (കറുത്തവാവിലെ കുളി , അതും കടലിൽ ) വളരെ പുണ്യം ലഭിക്കുമെന്ന വിശ്വാസം അല്പം വിരുതനായ ഒരു വിശ്വാസിയുടെ വിചാരത്തിൽ ഇങ്ങനെ ബഹിർസ്ഫുരിച്ചിരിക്കാം. കടലിൽ പോയി വാവിനു കുളിക്കുകയും ചെയ്യാം , പോരുമ്പോൾ കുറച്ചു ഉപ്പ് കൊണ്ടുവരുകയുമാകാം. 

ഉപ്പും വിൽക്കാം ഊരും കാണാം 

ഊട്ടും കാണാം ഉപ്പും വിൽക്കാം

കഴുത്തിലെ മിന്നും പോയി മനസ്സിനു സൗഖ്യവുമായി - ഇനി നഷ്ടപ്പെടാൻ ഒന്നുമില്ലാതായപ്പോൾ ലഭിച്ച മനസ്സമാധാനത്തെ സൂചിപ്പിക്കുന്നു.  ഒരു നെഗറ്റിവ് സ്പർശം ഉള്ള ചൊല്ല് 


ചൊവ്വാഴ്ച, മേയ് 25, 2021

അജാതപുത്ര നാമകരണ ന്യായം

 അജാതപുത്രൻ - ജനിക്കാത്ത പുത്രൻ

ജനിക്കാത്തപുത്രനു പേരിടുന്ന പ്രവൃത്തി ..

എല്ലാവരും ഭാവിയെക്കുറിച്ച് ആശങ്കയും പ്രതീക്ഷയും വച്ചുപുലർത്തുന്നവരാണു്. തോതു എറിയും കുറഞ്ഞുമിരിക്കും എന്നു മാത്രം. വലിയ പ്രതീക്ഷകൾ ഇന്നത്തെ വലിയ കരുതലിനും പദ്ധതുകൾക്കും വളം വയ്ക്കും . സ്വാഭാവികത വിട്ട് അസാധാരണാം വിധം അമിതമായാൽ ആ പ്രതീക്ഷയ്ക്ക് കൈവരുന്ന സ്വഭാവമാണു് അജാതപുത്രനാമകരണ ന്യായം.

ജനിക്കാത്തപുത്രനു പേരിടുന്ന പോലെ 

ഒരുതരത്തിൽ മൂഢപ്രവൃത്തിയോ വിഭ്രാന്തിയോ ആയി ഗണിക്കാം.

പിറക്കാത്ത കുട്ടിക്കു പേർ വിളിക്കുകയോ

ഉണ്ണി ഉണ്ടായിട്ടുവേണ്ടേ ഉപനയിക്കാൻ

ജനിക്കുന്നതിനു മുമ്പെ ജാതകം രചിക്കൊല്ല

പെണ്ണു വന്നിട്ടില്ല അപ്പളേയ്ക്കും കുട്ടിയ്ക്കു പേരു വിരുവെങ്കിടംന്ന്

കർക്കടകത്തിൽ കാതു കുത്താൻ ഇപ്പോഴേ കൈ വളയ്ക്കണോ

ആരുവാ മൊഴി കടക്കാൻ ഇവിടുന്നേ കുനിയണോ

കോട്ടാറ്റു കാതറുക്കാൻ ഇവിടെനിന്നും കൈ നീട്ടണോ

വിതയ്ക്കുന്നതിനു മുമ്പ് കൊയ്യുകയോ

അടുത്ത ജന്മം നായായേക്കാമെന്നു വച്ച് ഈ ജന്മം അമേധ്യം തിന്നാറുണ്ടോ

നീരൊലി കേട്ട് ചെരുപ്പഴിക്കണോ

അങ്ങുന്നെങ്ങാൻ വെള്ളമൊഴുകുന്നതിനു് ഇങ്ങുന്നെങ്ങാൻ ചെരുപ്പഴിക്കണോ? - പഴയ കാല ചെരിപ്പുകളുടെ ഗുണം, 'വെള്ളം കണ്ടാൽ നിൽക്കും കുതിര' എന്ന കടങ്കഥ സൂചിപ്പിക്കുന്ന പോലെയാണെങ്കിൽ വെള്ളമൊഴുകിയാൽ ചെരുപ്പഴിയ്ക്കണം . പക്ഷേ അങ്ങെവിടെയോ വെള്ളമൊക്ഷുകുന്നതിനു ഇവിടെ വേണ്ട എന്നു മാത്രം.

പുതപ്പു പൊള്ളാച്ചീലു് ഇവിടെ കാലിട്ടു കീറാൻ തുടങ്ങി -  പുതപ്പ് അങ്ങ് പൊള്ളാച്ചിയിൽ , ഇങ്ങെത്തിയിട്ടില്ല. പക്ഷേ അതിനെപ്പറ്റി തർക്കം ഇവിടെ തുടങ്ങി

Never ask pardon before you are accused

Never cross a bridge till you come to it

ബുധനാഴ്‌ച, മേയ് 12, 2021

ശംഖവേലാന്യായം

അറിവില്ലെങ്കിലും അറിവുണ്ടെന്ന് നടിക്കുന്ന ചിലരുണ്ട് . പൊങ്ങച്ചക്കാർ. പക്ഷേ , ചില അവസരങ്ങളിൽ അവർ പരീക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ടാകാം . അപ്പോൾ എങ്ങനേയും രക്ഷപ്പെടാൻ പറയുന്ന ന്യായമുണ്ട് ; ഇന്ന കാര്യങ്ങളൊക്കെ ഉണ്ടെങ്കിലേ എൻ്റെ വിദ്യ പ്രയോഗിക്കാനാകൂ , ഇന്ന സ്ഥലത്തു പോയാലേ എനിക്കിതു സാധ്യമാകൂ എന്നൊക്കെ ... 

നിഴൽനോക്കിയും നക്ഷത്രങ്ങളുടെ സ്ഥാനം നോക്കിയും കാലവും സമയവും ഗണിക്കാൻ സിദ്ധിയുള്ളവരുണ്ടായുരുന്നു. അത്തരം സിദ്ധിയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഒരാളോട് ആരോ ചോദിച്ചു - ഇപ്പൊ നേരം എത്രയായി എന്നു . അപ്പോൾ അയാൾ പറഞ്ഞതിങ്ങനെ 

എൻ്റെ പുളിയുടെ മൂട്ടിൽചെന്നാലേ എനിക്കു നേരമറിയാവൂ .

വിശാലമായ ആകാശത്ത് എവിടെ നിന്നു നോക്കിയാലും നക്ഷത്രത്തെ കാണാം . പക്ഷേ തൻ്റെ സ്വാധീനസ്ഥലത്തു നിന്നെങ്കിലേ അതു നോക്കാനും മനസ്സിലാക്കാനുമാകൂ എന്നു പറയുന്നതു , ഒന്നുകിൽ അഞ്ജാനി ഞ്ജാനമുണ്ടെന്നു അവകാശപ്പെടുന്നതു കൊണ്ടാകാം , അല്ലെങ്കിൽ പരിമിതി മൂലം . പരിമിതികൾ ബലഹീനത ആകുമ്പോൾ , അപരിചിതസാഹചര്യങ്ങളിൽ പരാജയം മണക്കുമെന്ന ഭയം !

എൻ്റെ അരപ്പന്തലിൽ പോയാലേ നക്ഷത്രമറികയുള്ളൂ

എൻ്റെ ആശാൻ്റെ എഴുത്തേ എനിക്കു വായിച്ചുകൂടൂ

എൻ്റെ ഉരുളികൊണ്ടളന്നാലേ ഉപ്പിടാൻ പറ്റൂ

നക്ഷത്രം കാണാൻ പുളിഞ്ചോട്ടിൽ പോകണം

ശനിയാഴ്‌ച, മേയ് 01, 2021

ഗഡ്ഢരികാ പ്രവാഹ ന്യായം / ഗതാനുഗതികാ ന്യായം / അന്ധപരമ്പര

ഗഡ്ഢരിക - ആട്

മുമ്പേ ഗമിക്കുന്ന ഗോവു തൻ്റെ 

പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം

 മുമ്പേ പോകുന്ന ആടിനെ നയിക്കുന്ന ചോദന എന്താണെന്ന് പിമ്പേ ഗമിക്കുന്ന ആരും അറിയുന്നുമില്ല, അറിയാനാഗ്രഹിക്കുന്നുമില്ല. ചില കൂട്ടത്തിൽ കൂടുമ്പോൾ വ്യക്തിയുടെ ലക്ഷ്യം നഷ്ടപ്പെടുന്ന അവസ്ഥ. ആൾക്കൂട്ടങ്ങളുടെ ഈ മാനസികനിലയെ പലരും ചൂഷണം ചെയ്യുന്നു. 

കൊമ്പൻ പോയതു മോഴയ്ക്കും വഴി

മദയാന ചെന്നതു മാർഗ്ഗം

ആന നന്ന നനഞ്ഞു ഞാനും കൂടെ നനഞ്ഞു.


പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും

പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...