തിങ്കളാഴ്‌ച, സെപ്റ്റംബർ 06, 2021

പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും


പതിനെട്ടും പടുതോളും

സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും അതിനു അധികാരികാളായിരുന്ന തളിയധികാരികളും ഉണ്ടായിരുന്നു. സംഘങ്ങളായിരുന്നു പട്ടാളം.

പതിനെട്ടു സംഘങ്ങളെപ്പറ്റി അറിവുണ്ട്

 1. കണ്ടമാൻ 

2. പുളിക്കീഴ്

3. വേഴപ്പറമ്പ്

4. തത്തമംഗലം

5. പുറക്കടിഞ്ഞകം

6. കീഴ്വീതി

7. പുല്ലിപുലം

8. വെള്ളാങ്ങല്ലൂർ

9. തിടപ്പള്ളി

10. ചാഴിക്കാട്

11. പാലക്കാട്

12. ഭാസ്കരം

13. നാട്ടിയമംഗലം

14. ചുണ്ടക്കമണ്ണ്

15. ചോകിരം

16. ആറ്റുപുറം

17. താമരശ്ശേരി

18. നെന്മേനി

നെന്മേനി പിരിഞ്ഞ് പടുതോൾ എന്ന സംഘമുണ്ടായി. 

അപ്പോൾ പത്തൊമ്പതു സംഘമേന്നു പറയുന്നതിനു പകരം പതിനെട്ടും അവസാനമുണ്ടായ പടുതോളും എന്നൊരു പറച്ചിൽ , ഒരു ശൈലിയായി കാണാം.

****************************************************************


വെള്ളിയാഴ്‌ച, സെപ്റ്റംബർ 03, 2021

പഴഞ്ചൊല്ലുകളും കഥകളും

പച്ചപ്ലാവിലയാണോ എന്നാൽ കുറച്ചു കുടിക്കാം

മലയാളിയുടെ ഹിപ്പോക്രസി ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. ദുരഭിമാനം വേണ്ടുവോളം , ഒന്നും അംഗീകരിക്കാൻ വയ്യ. എന്നാൽ എല്ലാം വേണം . ആരും കാണരുത് , അറിയരുത് എന്നാൽ എല്ലാം ആവാം. പകൽവെളിച്ചത്തിൽ പരമ മാന്യൻ...

ഇതൊക്കെയാണു ഇത്തരം ചൊല്ലുകൾ തുറന്നുകാട്ടുന്നത്

ഒരാൾ ഒരുനാൾ സുഹൃത്തിനെ കഞ്ഞികുടിക്കാൻ ക്ഷണിച്ചു . ദുരഭിമാനം ആ ക്ഷണം സ്വീകരിക്കാൻ അയാളെ അനുവദിച്ചില്ല. പക്ഷേ അയാൾക്കു അതു കുടിക്കണമെന്നുമുണ്ട് . വായിൽ വെള്ളമൂറുന്നു. പക്ഷേ വേണ്ടെന്നു പറഞ്ഞതു തിരുത്താനും വയ്യ. ഒടുവിൽ ഒരുപായം കണ്ടു. എല്ലാരും പച്ചപ്ലാവില കോട്ടിയാണു കഞ്ഞുകുടിക്കുന്നതു. ഉടനെ അയാളിതും പറഞ്ഞ് കഞ്ഞികുടിക്കാനിരുന്നു -'പച്ചപ്ലാവിലയാണോ എന്നാൽ കുറച്ചു കുടിക്കാം'

******************************************************************************



പഴഞ്ചൊല്ലുകളും കഥകളും (വ്യംഗ്യാർത്ഥക്കഥകൾ)

അങ്ങേലെ ഒരിലച്ചോറ് കളയരുത്

ഇതുപോലുള്ള പലപല ചൊല്ലുകളുണ്ട് . വാക്യാർത്ഥത്തേക്കാൾ വ്യംഗ്യാർത്ഥമാകും അവയുടെ ഉപജ്ഞാതാക്കൾ അവയ്ക്കുള്ളിൽ കരുതിയിട്ടുണ്ടാകുക. ഒരുപക്ഷേ വാക്യർത്ഥത്തിനു വിപരീതമായ വ്യംഗ്യാർത്ഥമാകും പലതിനുമുണ്ടാകുക.

അങ്ങേലെ ഒരിലച്ചോറു കളയരുതു എന്നു പറഞ്ഞ കാലത്തെക്കുറിച്ചും പരിസരത്തെക്കുറിച്ചും ഒരു ധാരണ വേണം. അന്നു ഒരിലച്ചോറാകാം , ഇന്നു മറ്റുനാനാവിധത്തിലുള്ള ഭൗതികസുഖപ്രദാനികളെ പറ്റിയാകാം. അങ്ങനെയുള്ള ചില സൽക്കാരങ്ങളാകാം , വാഗ്ദാനങ്ങളാകാം . കാലാതിവർത്തിയും ദേശാതിവർത്തിയുമായി നിലനിൽക്കുന്നതാണു ഇത്തരത്തിലുള്ള  പല ചൊല്ലുകളും.

അങ്ങേലെ ഒരിലച്ചോറു കളയരുത് എന്നതിനു സമാനമായ ചില ചൊല്ലുകളുണ്ട് .
അയല്പക്കത്തൊരിലയുള്ളത് കളയരുത് എന്നു പറയും.
അയലത്തെ ഒരില ഉണ്ടുകളയരുത് എന്നു പറഞ്ഞാൽ അല്പം കൂടി വ്യക്തമാകും.
അടുത്തവീട്ടിലെ ഒരുനേരത്തെ ചോറ് ഉണ്ടു കളയരുത് എന്നു പറഞ്ഞാൽ വളരെ വ്യക്തം.

വാക്യാർത്ഥം നോക്കിയാൽ തോന്നുക, അയലത്തെ ഒരിലച്ചോറ് കിട്ടിയാൽ കളയരുത് കഴിക്കണം എന്നാകും. പക്ഷേ അങ്ങനെ കഴിച്ചാലോ ? പിന്നെ അതൊരു പതിവാക്കിയാലോ ? പതിയെ അതു നിലയ്ക്കും. പിന്നെ ഒരിക്കലും അതിനുള്ള ക്ഷണം പോലും കിട്ടാതാകും . അപ്പോൾ അയലത്തെ ഒരിലച്ചോറ് ഉണ്ണാനുള്ള ക്ഷണം സ്വീകരിക്കുക വഴി നഷ്ടമാകുന്നതു പിന്നെ ആ ക്ഷണത്തിനുള്ള യോഗ്യതയാണു്.

അവനവൻ്റെ ഇടം വിറ്റു തിന്നരുത് എന്നു ഗ്രാമ്യഭാഷയിൽ പറയാറുണ്ട്.

ഇനി കഥയിലേക്കു വന്നാൽ , ഒരു കർഷകൻ പറമ്പിൽ ദിവസവും നന്നായി അദ്ധ്വാനിക്കുമായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ അയലത്തു ഒരു വീടു വെച്ച് ഒരു പുതിയ കുടുംബം താമസം തുടങ്ങി. താമസിയാതെ കർഷകനുമായി പുതിയ അയൽക്കാർ നല്ല ചങ്ങാത്തത്തിലായി . ഒരു ദിവസം ഉച്ച കഴിഞ്ഞും അദ്ധ്വാനിക്കുന്ന കർഷകനെ അയലത്തെ കുടുംബനാഥൻ ഊണു കഴിക്കാൻ ക്ഷണിച്ചു. കർഷകൻ ആ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു. പിന്നീട് പല ദിവസങ്ങളിലും കർഷകനു ആ കുടുംബത്തിൽ നിന്നും ക്ഷണമുണ്ടായെങ്കിലും ഒരിക്കൽ പോലും അയാൾ അവിടെ നിന്നു ഊണു കഴിച്ചില്ല. കാലമേറെപ്പോയി. കർഷകൻ വൃദ്ധനായി. മരണസമയത്ത് അയാൾ മകനെ അരികിൽ വിളിച്ചിട്ടു പറഞ്ഞു
                അങ്ങേലെ ഒരിലച്ചോറ് കളയരുത്
പിതാവിൻ്റെ മരണശേഷം മകൻ കൃഷികാര്യങ്ങളൊക്കെ നോക്കിനടത്തിക്കൊണ്ടിരുന്നു. ഒരു ദിവസം പറമ്പിൽ ജോലിചെയ്തുകൊണ്ടിരുന്ന അയാളെ അയലത്തെ താമസക്കരൻ്റെ മകൻ ഉണ്ണാൻ ക്ഷണിച്ചു. അയാൾ അച്ഛൻ പറഞ്ഞതോർത്തു. ഒരിലച്ചോറ് കളയരുതല്ലോ !
ക്ഷണം സ്വീകരിച്ചു ഉണ്ണാൻ ചെന്നു . പിന്നെ ഇതു പതിവായി. പതുക്കെപ്പതുക്കെ അയാൾ ക്ഷണിക്കാതെയും ഊണിനു ചെന്നു .അയാൾക്കതൊരു അവകാശവും അയൽക്കാരനു ഒരു ബാധ്യതയുമായി.
പിന്നെ പറയണോ . നീരസമായി . ഊണും നിന്നു. കണ്ടാൽ തമ്മിൽ മിണ്ടാതെയുമായി. ഒടുവിൽ ശത്രുക്കളുമായി ആ അയൽക്കാർ !!

അപ്പോഴെ അയാൾക്കു അച്ഛൻ പറഞ്ഞതിൻ്റെ ഉൾപ്പൊരുൾ മനസ്സിലായുള്ളൂ

അങ്ങേലെ ഒരിലച്ചോറ് എപ്പോഴും കളയണം എന്നാലെ അതിനുള്ള യോഗ്യത കളയാതിരിക്കാൻ പറ്റൂ.

ജീവിതത്തിലെ ഒരു പാഠം അയാൾ മനസ്സിലാക്കി..

**********************************************************************************
പെറ്റമ്മയ്ക്കു ചെലവിനും കൊടുക്കരുത് സന്ധ്യയ്ക്കു വിളക്കും കൊളുത്തരുത്

കേൾക്കുമ്പോൾ തോന്നുന്ന വാക്യാർത്ഥത്തിനു വിപരീദമാണു ഉൾക്കൊള്ളുന്ന ആശയം . 
പെറ്റമ്മയ്ക്ക് ചെലവിനു കൊടുത്താൽ പോര ! പകരം ആവശ്യമുള്ളടത്തോളം പണം എടുത്തുപയോഗിക്കാനുള്ള സ്വാതന്ത്ര്യം ആണു വേണ്ടതു . ചെലവിനു കൊടുക്കൽ എന്ന പരിധിയുള്ള കണക്കുനോക്കിയുള്ള പരിഗണന അല്ല വേണ്ടത് , മറിച്ച് പരിധിയില്ലാത്ത അവകാശവും സ്വാതന്ത്ര്യവും സ്നേഹവുമാണു മക്കൾ അമ്മയ്ക്ക് നൽകേണ്ടതെന്നണു വിവക്ഷ .
വിളക്കു കത്തിക്കാൻ സന്ധ്യവരെ കാക്കണ്ട , അങ്ങനെ സന്ധ്യ നോക്കിയിരുനാൽ ചിലപ്പോൾ സന്ധ്യ കഴിഞ്ഞാകും വിളക്കു കൊളുത്താനാകുക. അതുകോണ്ട് സന്ധ്യക്കു മുമ്പു വിളക്കുകൊളുത്തണം. അപ്പോൾ സന്ധ്യക്കു കൃത്യമായി വിളക്കു തെളിയുമെന്നു ഉറപ്പാക്കാം.

******************************************************************************

പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും

പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...