വ്യാഴാഴ്‌ച, നവംബർ 09, 2006

കൃഷിയും പഴഞ്ചൊല്ലും (കൃഷി ചൊല്ലുകൾ - Krishi Chullukal)

നമ്മുടെ സാഹിത്യത്തെയും സംഗീതത്തെയും പാലൂട്ടി വളര്‍ത്തിയെടുത്തതു കര്‍ഷകജനതയായിരുന്നല്ലോ. അതുകൊണ്ടു തന്നെ, ഞാറും വിളയും വയലുമൊക്കെ സ്വാഭാവികമായും നമ്മുടെ പഴഞ്ചൊല്ലുകളെ (Pazhamchollukal, Malayalam Proverbs) സമ്പന്നമാകിയിട്ടുണ്ടു്‌. കാര്‍ഷികസംബന്ധിയായ ഏതാനും ചൊല്ലുകള്‍ ഇതാ. 

വിതച്ചതു കൊയ്യും

ഏകദേശം ഇതേ ആശയം പേറുന്ന ചില പഴഞ്ചൊല്ലുകൾ :

വിത്തിനൊത്ത വിള

വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല

മുള്ളു നട്ടവന്‍ സൂക്ഷിക്കണം

തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും


കൂര വിതച്ചാല്‍ പൊക്കാളിയാവില്ല

(കൂരയും പൊക്കാളിയും നെല്ലിനങ്ങളുടെ പെരാണു്‌.ഇപ്പോഴും ഉണ്ടോ എന്നറിയില്ല.)


*****************************

കൃഷിയും ഋതുക്കളും 

നാൾ , നക്ഷത്രം , മാസം തുടങ്ങി പണ്ടുകാലത്ത് മനുഷ്യനു സാദ്ധ്യമായ സമയത്തിന്റെയും ഋതുഭേദങ്ങളുടെയും അടയാളപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങൾ കൃഷിക്കാർ കൃത്യമായി പിന്തുടർന്നിരുന്നു. അത്തരം പ്രവചനങ്ങൾ ധാരാളമായി ഉണ്ട് , പഴംചൊല്ലുകളിൽ .ഈ അത്യാധുനിക കാലഘട്ടത്തിലും  പ്രവചനാതീതയും  അനിശ്ചിതത്വവും ഈ തൊഴിലിന്റെ ഇരുണ്ട അവസ്ഥയായി തുടരുന്നുണ്ടല്ലോ 

അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട (ഭരണിയിലടച്ച ) മാങ്ങയും 

അശ്വതി  ഞാറ്റുവേലയിൽ വിതയ്ക്കാൻ നന്ന് 

അശ്വതിയിലിട്ട വിത്ത് പാഴാവുകയില്ല 

വിരുദ്ധ ആശയമുള്ള പഴഞ്ചൊല്ലുകളുമുണ്ട്

അശ്വതിഞാറ്റുവേല കള്ളൻ 

അശ്വതി കാഞ്ഞിരം ഭരണി നെല്ലി 

മറ്റു ചില നാൾകൊള്ളുകൾ 

രേവതി ഞാറ്റുവേലയിൽ പാടത്ത് ചാമ വിതയ്ക്കാം 

പൂയം ഞാറ്റുവേലയിൽ ഞാറു പാകിയാൽ പുഴുക്കേട് പൂവഞ്ചു പാലഞ്ചു കായഞ്ചു വിളയഞ്ചു 

അത്തത്തിന്റെ മുഖത്ത് മുതിര വിതയ്ക്കണം 

അത്തത്തിൽ വിതച്ചാൽ പത്തായം പത്ത് വേണം 

ചോതി കഴിഞ്ഞാൽ ചോദ്യമില്ല 

മകത്തിന്റെ  മുഖത്തു എള്ളറിയണം 

മകീര്യത്തിൽ വിതച്ചാൽ മദിയ്ക്കും 

മകരത്തിൽ മരം കയറണം 

തിരുവാതിരയ്ക്കു പയർ കുത്തിയാൽ ആറ്റ വരും 

മാസചൊല്ലുകൾ 

കുംഭത്തിൽ നട്ടാൽ കുടത്തോളം 
മീനത്തിലായാൽ മീൻകണ്ണിനോളം 

മേടം പത്തിന് മുമ്പ് പൊടിവിത  കഴിയണം 

കുംഭപ്പറ  കുടം  പോലെ 

ധനുപ്പത്തു കഴിഞ്ഞാൽ കൊത്താൻ തുടങ്ങാം 

വിഷു കണ്ട രാവിലെ വിത്തിറക്കണം  


********************************
ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്തു ചെയ്യേണ്ട രീതിയില്‍ നേരാംവണ്ണം ചെയ്യണം. കൃഷി മാത്രമല്ല, എല്ലാ പ്രവൃത്തിയും. അങ്ങനയേ ചെയ്യാവൂ.


കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം

വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം

കാറ്റുള്ളപ്പോള്‍ തൂറ്റണം

നട്ടാലേ നേട്ടമുള്ളൂ

കാലം നോക്കി കൃഷി


വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം

വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട

മുന്‍വിള പൊന്‍വിള

വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു്‌

വര്‍ഷം പോലെ കൃഷി

മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌

ആഴത്തില്‍ ഉഴുതു അകലെ നടണം

നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും


*********************************************

ഓരോ വിളയോടനുബന്ധിച്ചും പഴഞ്ചൊല്ലുകളുണ്ട് .

വെള്ളരി നട്ടാൽ വിളയറിയാം 

കുമ്പളം കായണം 

മുരുക്കിലും  പടരും മുളകുകൊടി 

മടലി ടിഞ്ഞ തേങ്ങാകാ 

പരപ്പുകൃഷി യെരപ്പു 

പിലാവിന്റെ കാതൽ പൂതലാവുമ്പോൾ  തേക്കിന്റെ ഇളന്തല  പച്ച വിടും 

ചിങ്ങമഴ തെങ്ങിനു നന്ന് 

തെങ്ങിന് ദണ്ഡ്  കവുങ്ങിനു  കോല്  നാലിനു  മൂന്ന് കുറഞ്ഞാൽ പോര 

തിരുവാതിരയ്ക്കു പയറു  കുത്തിയാൽ ആറ്റ  വരും 

ചേന ചുട്ടു നടണം  ചാമ കരിഞ്ഞു വിതയ്ക്കണം 

കാഞ്ഞു പൊടിച്ചാൽ കാര്യം നന്ന് 

കുഞ്ചെള്ളിനു നഞ്ചു മഴ 

കാണം കാഞ്ഞു കുരുക്കണം 

കാണത്തിനു  കണ്ണു  മറഞ്ഞാൽ  മതി 

എള്ളിനു  എഴുഴുവ്  കൊള്ളിനു  ഒരുഴവ്  ( പണ്ടു കാലത്തെ  മുതിര  കൃഷി യുടെ  പ്രാധാന്യവും വ്യാപ്തിയും  വ്യക്തമാക്കുന്ന  പഴഞ്ചൊല്ലുകൾ )

കാച്ചിലുവള്ളി  പ്ലാവിൽ  പടർന്നാൽ  ചക്കച്ചെല്ലം  തീർന്നതു  തന്നെ 

ആദി പാതി പീറ്റ  (വിത്തിനു തിരഞ്ഞ്ഞെടുക്കേണ്ട പ്രായം - , പ്ലാവ് , തെങ്ങ് , കവുങ്ങ്  എന്നിവയെപ്പറ്റിയാണ് സൂചന )

ഇഞ്ചി നട്ട ലാഭവും മുടി കളഞ്ഞ സ്വൈരവും മലയാളത്തിനറിയാ 

എല   തൊട്ടാൽ കൊലയില്ല 

ഏത്തവാഴയ്ക്കു ഏത്തമിടണം 

ഉണ്ണാനും ഉടുക്കാനും തെക്കൻ 

കന്നിക്കൂർക്ക  കലം പൊളിക്കും

കഴുങ്ങിനു കുഴി മൂന്ന് 

കൊട്ടനുറുമ്പ്‌ കുരങ്ങു തെങ്ങു കവുങ്ങു പിലാവ് 

കമുകു നട്ടു   കാടാക്കുകയും  തെങ്ങ്  നട്ടു നാടാക്കുകയും 




മുളയിലേ നുള്ളണമെന്നല്ലേ. അതുപോലെ,

വിളയുന്ന വിത്തു മുളയിലറിയാം

വിത്തുഗുണം പത്തുഗുണം

മുളയിലറിയാം വിള

കാലാവസ്ഥ അറിയാതെ കൃഷി ഉണ്ടോ? കാലാവസ്ഥാപ്രവചനം നടത്തുന്ന ചൊല്ലുകള്‍ സുലഭം.
കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല

തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ

വറുതിയുടെ കള്ളക്കര്‍ക്കിടകം ചില പഴമക്കാരുടെ മനസ്സില്‍ ഇപ്പോഴുമുണ്ടു്‌. പക്ഷേ, കര്‍ക്കിടകപ്പട്ടിണി എന്നതു ഇക്കാലത്തു സങ്കല്പിക്കാനാവുമോ? .എങ്കിലും കര്‍ക്കിടകമാകുമ്പോള്‍ നിരത്തില്‍ ബോഡ് തൂങ്ങും - "കര്‍ക്കിടകക്കഞ്ഞി ഇവിടെക്കിട്ടും" .
ചില കര്‍ക്കിടകച്ചൊല്ലുകള്‍ ഇങ്ങനെ:-

കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം

കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്‌

ഇരിക്കുന്ന കൊമ്പു മുറിക്കുന്ന അഭ്യാസക്കാര്‍ക്കു വേണ്ടിയും ചൊല്ലുകള്‍ ഉണ്ടു്‌.

കണ്ടം വിറ്റു കാളയെ വാങ്ങുമോ

വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ

ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍ - ഇതിലും നന്നായി അന്നത്തെ ഫ്യൂഡല്‍ വ്യവസ്ഥിതിയെ വിവരിക്കാനാകുമോ?
ആ വ്യവസ്ഥിതിയുടെ ഇരകളല്ലേ ഇതു ചൊല്ലിയതു-
ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ

വളമേറിയാല്‍ കൂമ്പടയ്ക്കും - അധികമായാല്‍ അമൃതും വിഷമല്ലേ, പഴയ കൃഷിക്കാര്‍ക്കും അതറിയാമായിരുന്നു. രാസവളം യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിച്ചു മണ്ണിന്റെ സ്വാഭാവികത തന്നെ നഷ്ടപ്പെടുത്തുന്ന ഇന്നത്തെ ആള്‍ക്കാരോ?

കോരിവിതച്ചാൽ കുറച്ചെ കൊയ്യൂ 
കോരിവിതച്ചാലും വിധിച്ചതേ വിളയൂ 

പാശ്ചാത്യകുത്തകമുതലാളിമാര്‍ നമ്മുടെ വസുമതി(അതോ ബസ്മതിയോ?)ക്കു പേറ്റെന്റ് എടുത്തു അന്തകവിത്തുകള്‍ ഉണ്ടാക്കി തിരിച്ചിങ്ങോട്ടയയ്ക്കുന്നതോര്‍ക്കുമ്പോള്‍ ഈ ചൊല്ലു ഓര്‍മ്മ വരും - വിത്തുള്ളടത്തു പേരു.
എത്രയെത്ര ചൊല്ലുകള്‍!!

പതിരില്ലാത്ത കതിരില്ല.
കളയില്ലാത്ത വിളയില്ല 
വയലു വറ്റി കക്ക വാരാനിരുന്നാലോ
കടച്ചിച്ചാണകം വളത്തിനാകാ 
കന്നുള്ളവർക്കേ കണ്ണുള്ളൂ 

അങ്ങനെയങ്ങനെ..

എന്തായാലും
വിത്താഴം ചെന്നാല്‍ പത്തായം നിറയും 
കള പറിച്ചാൽ കളം നിറയും 
മണ്ണറിഞ്ഞു വിത്തു്‌  വേണ്ടതോ
ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ

Labels: Malayalam Proverbs , Malayalam Pazhamchollukal, Pazhamchollukal, Krishi , Kerala Heritage ,കൃഷിയും പഴഞ്ചൊല്ലും,പഴഞ്ചൊല്ലുകള്‍,ചൊല്ലുകള്‍, കൃഷി ചൊല്ലുകൾ - Krishi Chullukal

6 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

Super.I really liked it.Fantastic!

Unknown പറഞ്ഞു...

സമ്പത്ത് കാലത്ത്

JANOSH K JOHN പറഞ്ഞു...

നല്ല ചൊല്ലുകള്‍....

Unknown പറഞ്ഞു...

Chollukalude ashayangalum koodi ittal nallathayirunnu

Unknown പറഞ്ഞു...

Valare nalla chollukal like to children thanks

Unknown പറഞ്ഞു...

I like fantastic supper

പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും

പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...